കൊച്ചി: സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് അലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. എറണാകുളം കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ ജോഷി വർഗീസാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി അലഞ്ചേരി ജാമ്യം എടുത്തത്.

സഭയുടെ ഭൂമിയിടപാട് കേസിൽ കർദിനാളിനെ കൂടാതെ സീറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ജോഷി പുതുവ, ഭൂമി വിൽപ്പനയിൽ ഇടനിലക്കാരനായി പ്രവർത്തിച്ച സാജു വർഗീസ് കുന്നേൽ എന്നിവരാണ് കേസിലെ മറ്റ് കൂട്ടുപ്രതികൾ.

അതിരൂപതയുടെ 1.60 ഏക്കർ ഭൂമി വിവിധ ആളുകൾക്ക് വിൽപ്പന നടത്തിയതിൽ പ്രഥമദൃഷ്ടിയാൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർദിനാൾ ആലഞ്ചേരി ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കി കേസെടുത്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന, അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

സിറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. സഭയിലെ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സഭകളുടെ ആസ്തി വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ബത്തേരി രൂപതയടക്കം നൽകിയ ഹർജികളിൽ കോടതി വാദം കേട്ടിരുന്നു.

കനോൻ നിയമപ്രകാരം ബിഷപ്പുമാർക്കുള്ള ഈ അധികാരം കേരള ഹൈക്കോടതി ശരിവെച്ചതാണ്. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയി ആണെങ്കിലും വിധിക്ക് എതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും രൂപതകൾ സുപ്രീം കോടതിയിൽ പറഞ്ഞു. സീറോ മലങ്കര സഭയുടെ ബത്തേരി രൂപതയും സീറോ മലബാര്‍ സഭയുടെ താമരശേരി രൂപതയുമാണ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

സീറോ മലബാർ സഭയുടെ വിവാദ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് അലഞ്ചേരിക്കെതിരെ സഭയിൽ നിന്ന് ഗൂഢാലോചന നടന്നുവെന്ന് കർദിനാളിൻ്റെ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലഞ്ചേരി സമർപ്പിച്ച ഹർജിയിലാണ് വാദം നടന്നത്.