ന്യുഡല്‍ഹി: മദ്യലഹരിയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മറ്റൊരു വിമാനത്തിലും മദ്യം വില്ലനായി. വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ ഇറ്റാലിയന്‍ സ്വദേശിനി അര്‍ദ്ധനഗ്നയാകുകയും കാബിന്‍ ക്രൂവിനെ ഇടിക്കുകയും അടിക്കുകയും ചെയ്തു. അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന വിസ്താര എയര്‍ലൈന്‍സിലാണ് സംഭവം.

തിങ്കളാഴ്ച പുലര്‍ച്ചെ 2.03ന് അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക വന്ന യുകെ 256 വിമാനത്തിലെ യാത്രക്കാരിയായ പൗല പെരുഷ്യോ ആണ് അപമര്യാദയായി പെരുമാറിയത്. എക്കോണമി ക്ലാസിലെ യാത്രക്കാരിയായ ഇവര്‍ക്ക് ബിസിനസ് ക്ലാസ് നിഷേധിച്ചതോടെയാണ് അവര്‍ അഴിഞ്ഞാടിയത്. വഴക്ക് മൂത്തതോടെ അവര്‍ വസ്ത്രം വലിച്ചഴിക്കുകയും അര്‍ദ്ധനഗ്നയായി വിമാനത്തിലെ സീറ്റുകള്‍ക്കിടയിലൂടെ നടക്കുകയും ചെയ്തു.

കാബിന്‍ ക്രൂവിന്റെ പരാതിയില്‍ വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ യാത്രക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു.