തിരുവനന്തപുരം: തൊഴിലുറപ്പ് മറയാക്കി 1.68 ലക്ഷം രൂപ തട്ടിയെടുത്തതായി പഞ്ചായത്ത് അംഗങ്ങള്‍ക്ക് എതിരേ ആരോപണം. രാഷ്​‍ട്രീയ ഭേദമെന്യേ പൂവച്ചൽ പഞ്ചായത്തിലെ ഒമ്പത് അംഗങ്ങള്‍ക്ക് എതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് വ്യാജരേഖ ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തതെന്നും തട്ടിപ്പില്‍ മൂന്ന് പാര്‍ട്ടികളിലെയും മെമ്പറന്മാര്‍ ഉണ്ടെന്നുമാണ് ആക്ഷേപം.

തട്ടിപ്പിൽ സി.പി.എം, സി.പി.ഐ, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ പാർട്ടികളിലെയെല്ലാം അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി തിരിയാതെ എല്ലാവരും തട്ടിപ്പിന്റെ ഭാഗമായതോടെ സംഭവം പുറത്തുവിടാതെ ഒതുക്കി വെച്ചിരിക്കുകയായിരുന്നു. 2021 ഒക്ടോബർ ഒന്നു മുതൽ 2022മാർച്ച് 31വരെയുള്ള കാലയളവിൽ 10,000രൂപ മുതൽ 27,000രൂപവരെയാണ് ഓരോരുത്തരും പണിയെടുക്കാതെ കൂലിയായി വാങ്ങിയത്.

നടത്തിയ പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റിംഗ് റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. റിപ്പോർട്ടിനുമേൽ നടപടി സ്വീകരിച്ചാൽ ഈ അംഗങ്ങൾ അയോഗ്യരാകും. പഞ്ചായത്ത് അംഗങ്ങൾക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകാം എന്നത് മറയാക്കി തങ്ങളുടെ പേരും തൊഴിൽ ആവശ്യമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും പിന്നീട് മസ്റ്ററിംഗി​ന്റെയും മറ്റും കാര്യങ്ങള്‍ മേറ്റിനെ സ്വാധീനിച്ച് നേടുകയുമാണ് ചെയ്യാറ്.

തട്ടിപ്പ് നടത്തിയ പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്തില്‍ യോഗം നടന്നപ്പോഴത്തെ സിറ്റിംഗ് ഫീസും വാങ്ങിയിട്ടുണ്ട്. അന്നു തന്നെ തൊഴിലുറപ്പ് ഹാജര്‍ബുക്കില്‍ ഒപ്പും വെച്ചിട്ടുണ്ട്. പഞ്ചായത്തിനു വേണ്ടി ഔദ്യോഗിക യാത്രകൾ നടത്തി യാത്രാബത്തകള്‍ കൈപ്പറ്റിയ ദിവസം പോലും തൊഴിലുറപ്പ് ഹാജര്‍ബുക്കിലുണ്ട്. ഈ രീതിയില്‍ മറ്റുള്ളവര്‍ക്ക് കിട്ടേണ്ട 569 തൊഴിൽ ദിനങ്ങളാണ് ഒൻപത് അംഗങ്ങൾ തട്ടിയെടുത്തത്. തൊഴിലുറപ്പ് സൂപ്പര്‍വൈസര്‍ തെളിവിനായി ഫോട്ടോയെടുക്കുന്നതിനാല്‍ രാവിലെ 9 നും വൈകിട്ട് കേറുന്ന സമയമായ 5 മണിക്കും കൃത്യമായി സ്ഥലത്തെത്തും.