ദുബൈയിൽ നിന്ന് ന്യൂസിലാന്റിലേക്ക് യാത്ര പുറപ്പെട്ട എമിറേറ്റ്സ് വിമാനം യാത്ര തുടങ്ങിയിടത്തു തന്നെ തിരിച്ചിറങ്ങി. 13 മണിക്കൂർ നീണ്ട യാത്രക്ക് ശേഷമാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്താതെ തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയത്.

EK 448 വിമാനം പ്രാദേശിക സമയം രാവിലെ 10.30 നാണ് ദുബൈയിൽ നിന്ന് ന്യൂസിലാന്റിലേക്ക് യാത്ര പുറപ്പെട്ടത്. 9,000 കിലോമീറ്റർ (പകുതി വഴി) യാത്ര ചെയ്തതിനു ശേഷം യു ടേണെടുത്ത് വിമാനം ദുബൈയിൽ തന്നെ ഇറങ്ങുകയായിരുന്നു. ന്യൂസിലാന്റിലെ പ്രളയം മൂലം ഓക്‍ലാന്റ് വിമാനത്താവളം അടച്ചുപൂട്ടിയതാണ് വിമാനം തിരിച്ചുപോകാൻ ഇടയാക്കിയത്.

തികച്ചും നിരാശാജനകമായ നടപടിയാണെങ്കിലും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചതെന്ന് ഓക്‍ലാന്റ് വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ ഇന്റർനാഷണൽ ടെർമിനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അതിനാൽ പരിശോധന പൂർത്തിയാകുന്നതു വരെ അന്താരാഷ്ട്ര വിമാന സർവീസസ് ഉണ്ടാകുന്നതല്ലെന്നും അധികൃതർ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച രാവിലെ ഏഴ് വരെ സർവീസുകൾ നിർത്തിവെച്ച ശേഷം പിന്നീട് സർവീസുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഓക്‍ലാന്റിൽ ഏറ്റവും രൂക്ഷമായ മഴയാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈയാഴ്ചയും മഴ തുടരുമെന്നതിനാൽ ജാഗ്രതാ നിർദേശം പിൻവലിച്ചിട്ടില്ല. രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഇതുവരെ നാലു പേർ മരിച്ചുവെന്നും അധികൃതർ അറിയിച്ചു.