ഫ്ലോറിഡ: യു.എസിലെ ഫ്ലോറിഡയിൽ കാറിലെത്തിയവർ നടത്തിയ വ്യാപക വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു. രണ്ടുപേർ ഗുരുതരാസ്ഥയിലാണെന്ന് ലേക്ക്‍ലാന്റ് പൊലീസ് വ്യക്തമാക്കി. കടും നീല നിറത്തിലുള്ള കാർ സംഭവസ്ഥലത്ത് കണ്ടതായി പൊലീസ് പറഞ്ഞു. വെടിവെപ്പിന് തൊട്ടുമുമ്പ് സ്ഥലത്ത് എത്തിയ കാർ വേഗത കുറച്ചു നാല് വിൻഡോകളും തുറന്നു. നാല് അ​ക്രമികൾ കാറിലുണ്ടായിരുന്നുവെന്നും അവർ ഒരുമിച്ച് വെടിയുതിർത്തതാകാമെന്നുമാണ് പൊലീസ് നിഗമനം. വെടിവെപ്പിന് ശേഷം കാർ അതിവേഗതയിൽ കടന്നുപോയി. കാർ കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

ലോവ അവന്യൂ മേഖലയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.45 ഓടു കൂടിയാണ് സംഭവം. പരിക്കേറ്റവർ 20 നും 35 നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. വാഹനത്തിനുള്ളിലുണ്ടായിരുന്ന അക്രമികളെ കണ്ടെത്താനുള്ള എല്ലാ പരിശ്രമവും ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തു നിന്ന് മരിജ്വാന കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നിന്റെ കച്ചവടം ആ സമയം അവിടെ നടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.