ശ്രീനഗർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുകയാണ്. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്‌റ്റേഡിയം മഞ്ഞ് മൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവും തന്നെ യോഗത്തിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇവിടെ നിന്നുള്ള രാഹുലിന്റേയും പ്രിയങ്കയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

സഹോദരി പ്രിയങ്കാ ഗാന്ധിയ്ക്കും മറ്റ് പാർട്ടി പ്രവർത്തകർക്കും ഒപ്പം മഞ്ഞിൽ കളിക്കുന്ന രാഹുലിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വെള്ളിയാഴ്ചയാണ് രാഹുൽ കശ്മീരിൽ എത്തുന്നത്.  രാഹുൽ ഗാന്ധി തന്റെ സഹോദരിയുമായി മഞ്ഞിൽ കളിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇരുവരും മഞ്ഞ് വീഴ്ച ആസ്വദിക്കുന്നത് ചിത്രങ്ങളിൽ കാണാം. 

2022 സെപ്റ്റംബർ 7 ന് ആണ് രാഹുൽ ഗാന്ധി ഭാരത് ജോഡ യാത്ര കന്യാകുമാരിയിൽ തുടങ്ങുന്നത്. 145 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിൻറെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്നത്. നിരവധി രാഷ്ട്രീയ മൂഹൂർത്തങ്ങൾക്കൊപ്പം തന്നെ വിവാദവും നിറഞ്ഞതായിരുന്നു യാത്ര. തന്റെ ജീവിതത്തിലെ ഏറ്റവും ഗഹനവും മനോഹരവുമായ അനുഭവമെന്നാണ് അദ്ദേഹം യാത്രയെ വിശേഷിപ്പിച്ചത്.

കശ്മീരിലെ സമതലങ്ങളിൽ മിതമായതോ കനത്തതോ ആയ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനഗറിൽ ഏഴ് ഇഞ്ച്, ഗുൽമാർഗിൽ ഒരു അടിയിലധികം, പഹൽഗാമിൽ ഒമ്പത് ഇഞ്ച്, ഗുരേസിൽ 1.5 അടി, കുപ്വാര ജില്ലയിലെ സമതലങ്ങളിൽ നാല് ഇഞ്ച് എന്നിങ്ങനെയാണ് പുതിയ മഞ്ഞുവീഴ്ചയുണ്ടായതെന്ന് അധികൃതർ പറഞ്ഞു. മിക്ക സ്ഥലങ്ങളിലും ഞായറാഴ്ച രാത്രി വൈകി ആരംഭിച്ച മഞ്ഞുവീഴ്ച ഇപ്പോഴും തുടരുകയാണ്. 

മഞ്ഞുവീഴ്ച സാധാരണ ജീവിതത്തെ സ്തംഭിപ്പിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായുള്ള താഴ്വരയുടെ ബന്ധം വിച്ഛേദിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം ശ്രീനഗർ-ജമ്മു ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കുകളിൽ മഞ്ഞ് അടിഞ്ഞുകൂടിയതിനാൽ ബാരാമുള്ള-ബനിഹാൽ റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ദൃശ്യപരത വളരെ മോശമാണെന്നും റൺവേയിൽ മഞ്ഞ് അടിഞ്ഞുകൂടുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.  അടുത്ത 12 മണിക്കൂറിനുള്ളിൽ കനത്ത മഞ്ഞുവീഴ്ചയും ജമ്മുവിലെ സമതലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ മഴയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.