എസ്‌ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് മരിച്ചത്. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ വീട്ടിലാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. 

സുരേഷ് കുമാറിന്റെ മകളുടെ സഹപാഠിയായിരുന്നു സൂരജ്. കഴിഞ്ഞ ദിവസം രാത്രി സൂരജ് എസ്‌ഐയുടെ സാരംഗി എന്ന വീട്ടില്‍ എത്തുകയും വീട്ടിലുണ്ടായിരുന്നവരുമായി വാക്കതര്‍ക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഈ സമയം എസ്‌ഐ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

വാക്ക് തര്‍ക്കത്തിന് ശേഷം വീട്ടുകാര്‍ സൂരജിനെ തിരിച്ചയച്ചു. തുടര്‍ന്നാണ് രാവിലെ സൂരജിനെ വീടിനോട് ചേർന്ന് വടക്ക് ഭാഗത്തായുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സൂരജിന്റെ ബൈക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് സൂരജിന്റെ പിതൃ സഹോദരി ഭർത്താവ് പ്രസന്നൻ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.