സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌തു. വയനാട് ലക്കിടി ജവഹർ നവോദയ സ്‌കൂൾ, തൃശ്ശൂർ ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്‌സിംഗ് ഹോസ്‌റ്റൽ, മൂവാറ്റുപുഴ വർക്കിംഗ് വിമൻസ് ഹോസ്‌റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. അതേസമയം, കണ്ണൂർ പയ്യന്നൂരിലും കോട്ടയം പമ്പാടിയിലും പശുക്കളിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്കിടി ജവഹർ നവോദയ സ്‌കൂളിൽ ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാർഥികളെയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്‌ടർമാർ വ്യക്തമാക്കി.ഇവിടെ അഞ്ഞൂറോളം കുട്ടികൾ സ്‌കൂളിൽ താമസിച്ച് പഠിക്കുന്നുണ്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് വിദ്യാർത്ഥികൾ ചികിത്സ തേടിയത്. 

കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധന ഫലം വന്ന ശേഷമേ ഭക്ഷ്യ വിഷബാധയാണെന്ന് ഉറപ്പിക്കാൻ കഴിയൂവെന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തി പരിശോധന നടത്തി. ഇവിടെ കുടിവെള്ള സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നോറോ വൈറസ് ബാധയാണോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 

നഴ്‌സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്‌റ്റലിലും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്‌സിംഗ് ഹോസ്‌റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്‌സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവിടെയും ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇതിന് പുറമെ ഭക്ഷ്യ വിഷബാധയെ തുടർന്ന് മൂവാറ്റുപുഴ വർക്കിംഗ് വിമൻസ് ഹോസ്‌റ്റൽ നഗരസഭ അടപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറുപേർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നഗരത്തിൽ വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന  ആതുരാശ്രമം വർക്കിംഗ് വിമൻസ് ഹോസ്‌റ്റലിന്റെ ക്യാന്റീനാണ് അടപ്പിച്ചത്. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനക്ക് ശേഷമാണ് നടപടി. 

അതേസമയം, കണ്ണൂർ പയ്യന്നൂരിൽ ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു പശു ചത്തു. ആകെ പത്തോളം പശുക്കൾക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. നാല് പശുക്കൾ ഗുരുതരാവസ്ഥയിലാണ്. കോട്ടയം പാമ്പാടിയിലും മുപ്പതിലേറെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുണ്ടായി. കെഎസ് കാലിത്തീറ്റ നൽകിയ പശുക്കൾക്കാണ് രോഗ ലക്ഷണം.