പാറ്റ്‌ന: ബിജെപിയുമായി ഇനി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ബീഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വാസത്തെ നിതീഷ് കുമാർ ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഇനി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ല, അതിലും ഭേദം താൻ മരിക്കുന്നതാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിതീഷ് കുമാർ പ്രതികരിച്ചു.

തേജസ്വി യാദവിനും പിതാവ് ലാലു പ്രസാദ് യാദവിനുമെതിരെ ഉയർന്ന അഴിമതി കേസുകളെ തുടർന്ന് ബിജെപിയുമായി സഖ്യത്തിലാകാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കി വേട്ടയാടുകയാണ് ബിജെപി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിൽ 36 സീറ്റുകളും നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെ നിതീഷ് കുമാർ തള്ളിക്കളഞ്ഞു. സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക ഇടപാടുകളിൽ മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നതെന്ന് നേരത്തെ നിതീഷ് കുമാർ ആരോപണം ഉന്നയിച്ചിരുന്നു.

നിതീഷ് കുമാറിനെ തള്ളി ബിജെപി ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ രംഗത്ത് വന്നിരുന്നു. ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രിയുമായി ഒരുമിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെൻഡുലം പോലെ ആടിക്കളിക്കുന്നയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാറെന്നും ഇനിയും അദ്ദേഹത്തിന്റെ ചതിയിൽ അകപ്പെടാൻ തങ്ങളില്ലെന്നുമായിരുന്നു സഞ്ജയ് ജയ്‌സ്വാളിന്റെ പ്രതികരണം.

കഴിഞ്ഞ വർഷങ്ങളിൽ നിതീഷ് കുമാറിന്റെ ജനപ്രീതിക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ മോശം പ്രകടനത്തിന് കാരണവും ഇത് തന്നെയാണ്. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ ഉറച്ച് നിൽക്കാനുള്ള മഹാമനസ്‌കത പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വിശ്വാസം നിതീഷ് കുമാർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമായിരുന്നു സഞ്ജയ് ജയ്സ്വാളിന്റെ വിമർശനം.