തിരുവനന്തപുരം:പത്തുവർഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാർ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോർവാഹനവകുപ്പിന്റെ കണക്ക്.

2013-ൽ 1.32 കോടി യാത്രക്കാർ ബസുകളെ ആശ്രയിച്ചിരുന്നു. ഇപ്പോഴത് 64 ലക്ഷത്തിനടുത്താണ്. ഒരു ബസ് പിൻവാങ്ങുമ്പോൾ കുറഞ്ഞത് 550 പേരുടെ യാത്രാസൗകര്യമെങ്കിലും ഇല്ലാതാകുമെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു.

ഒരു റൂട്ടിൽ ഒരു ബസ് സർവീസ് നിലയ്ക്കുമ്പോൾ അതിൽ യാത്രചെയ്തിരുന്ന 20 പേരെങ്കിലും ഇരുചക്രവാഹനങ്ങളിലേക്ക് മാറുന്നെന്നാണ് കണക്ക്. കോവിഡ് കാലത്ത് സന്പർക്കം ഒഴിവാക്കാൻ പലരും ബസ് ഒഴിവാക്കി സ്വന്തംവാഹനങ്ങൾ വാങ്ങി. ഇവർ എന്നേക്കുമായി ബസ്യാത്ര ഒഴിവാക്കി.

ബസ് സർവീസുകൾ കുറഞ്ഞു. യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് സർവീസ് ഇല്ലാത്ത അവസ്ഥ. ഇതോടെ സ്വന്തംവാഹനങ്ങളെ ആശ്രയിക്കുന്നു.ചിലപ്പോൾ ഒന്നിലധികം ബസിൽ യാത്രചെയ്യേണ്ടിവരും. സമയനഷ്ടം ഒഴിവാക്കാൻ ബസ് ഉപേക്ഷിക്കുന്നവരുമേറെ.

ബസ് ചാർജും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുമ്പോഴുള്ള ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞു. അതിനാൽ യാത്രക്കാർ, പ്രത്യേകിച്ച് സ്ത്രീകൾ, ഇരുചക്രവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി.