കൊച്ചി: മഞ്ഞപ്പട ആരാധകര്‍ എന്ത് ആഗ്രഹിച്ചോ അത് കൊച്ചിയിലെ തറവാട് മുറ്റത്ത് നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ നിര്‍ണായക ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്‍റക്കോസ് നേടിയ ഇരട്ട ഗോളില്‍ 2-0നാണ് ഇവാന്‍റെ ഫുട്ബോള്‍ സൈന്യം കൊച്ചിയില്‍ വിജയക്കൊടി പാറിച്ചത്. 

നിലയ്ക്കാത്ത ശബ്‌ദച്ചുവടുകളുമായി ആരാധകര്‍ കൊച്ചിയിലെ ഗ്യാലറിയെ മഞ്ഞയണിയിച്ചപ്പോള്‍ മൈതാനത്ത് ആദ്യ മിനുറ്റുകള്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ എതിര്‍മുഖത്തേക്ക് തുടരെ ചുവടുവെച്ചു. അപ്പോസ്‌തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്‍റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്.

കരണ്‍ജിത് സിംഗ് ഗോള്‍വല കാക്കാനിറങ്ങിയപ്പോള്‍ മലയാളി താരം കെ പി രാഹുലും ഇലവനിലുണ്ടായിരുന്നു. ഹോം ഗ്രൗണ്ടില്‍ തുടക്കം മുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പ്രവേശിക്കാന്‍ നിര്‍ഭാഗ്യം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അനുവദിച്ചില്ല. അഡ്രിയാന്‍ ലൂണയും കെ പി രാഹുലും ജിയാന്നുവും നടത്തിയ ശ്രമങ്ങള്‍ ഗോള്‍വല ഭേദിക്കാന്‍ മടി കാണിച്ച് മാറിനിന്നു.