മെൽബണിലെ റോഡ് ലേവർ അരീനയിൽ ആരാധകർ കണ്ടത് ഗ്രാൻസ്ലാമിൽ സാനിയ മിർസയുടെ അവസാന ടെന്നീസ് നൃത്തമാണ്. ഓസ്ട്രേലിയൻ ഓപ്പൺ മികസ്ഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം കളിച്ച് സാനിയ ഫൈനൽ വരെയെത്തി. മത്സരശേഷം വികാരഭരിതയായിട്ടാണ് ഇന്ത്യൻ താരം പ്രതികരിച്ചത്. മകന് മുന്നിൽ ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് സാനിയ സന്തോഷക്കണ്ണീരോടെ പറഞ്ഞു.

ഇതിന് പിന്നാലെ സാനിയയെ അഭിനന്ദിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. പ്രശ്സ്തരും സാനിയയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഈ അഭിനന്ദന പോസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയം സാനിയയുടെ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിന്റെ പോസ്റ്റാണ്. ഇരുവരും വേർപിരിയലിന്റെ വക്കിലാണെന്ന വാർത്തകൾക്കിടയിലാണ് ഷുഐബ് സാനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

‘കായികരംഗത്തെ എല്ലാ വനിതകളുടേയും പ്രതീക്ഷ. കരിയറിലെ നിന്റെ എല്ലാ നേട്ടങ്ങളിലും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് പേരുടെ പ്രചോദനമാണ് നീ. കരുത്തോടെ യാത്ര തുടരുക. അവിശ്വസനീയമായ ഈ കരിയറിന് അഭിനന്ദനങ്ങൾ.’ ഷുഐബ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. മിക്സഡ് ഡബിൾസ് ഫൈനൽ മത്സരത്തിനിടെ എടുത്ത ചിത്രവും ഷുഐബ് പങ്കുവെച്ചിട്ടുണ്ട്.

2010 ഏപ്രിലിലാണ് സാനിയയും ഷുഐബും വിവാഹിതരായത്. 2018 ഒക്ടോബർ 30-ന് ഇരുവർക്കും കുഞ്ഞ് പിറന്നു. മകൻ ഇസ്ഹാൻ മിർസ മാലിക്കിന്റെ നാലാം പിറന്നാൾ ആഘാഷത്തിൽ സാനിയയും ഷുഐബും ഒരുമിച്ചുണ്ടായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങൾ ഷുഐബ് മാത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 

നേരത്തെ ഇസ്ഹാൻ മിർസ മാലിക്കിനൊപ്പമുള്ള ഒരു ചിത്രം സാനിയ പങ്കുവെച്ചിരുന്നു. സാനിയയുടെ മൂക്കിൽ ഇസ്ഹാൻ ചുംബിക്കുന്നതായിരുന്നു ചിത്രം. ‘ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ദിനങ്ങൾ’ എന്ന് ഈ ചിത്രത്തിന് സാനിയ ക്യാപ്ഷനും നൽകിയിരുന്നു.

കുറച്ചു കാലമായി ഷുഐബിന്റെ ചിത്രങ്ങളൊന്നും സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറില്ല. എന്നാൽ സാനിയയുടെ പിറന്നാൾ ദിനത്തിലും സാനിയയുടെ സുഹൃത്ത് ഫറാ ഖാന്റെ ജന്മദിനത്തിലും ഷുഐബ് ആശംകൾ നേർന്നിരുന്നു. എന്നാൽ ഇതിനോടൊന്നും സാനിയ പ്രതികരിച്ചിട്ടില്ല.