പറവൂർ: അമ്പലനടയിൽ വിവാഹ മുഹൂർത്തത്തിൽ വരണമാല്യവുമായി വധൂവരന്മാർ നിൽക്കുന്നതിനിടെ വധു വരനോട് ആ സ്വകാര്യം പറഞ്ഞു. പെട്ടെന്നുള്ള അമ്പരപ്പിൽ വരൻ പതറിയെങ്കിലും വധുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വരൻ വിവാഹത്തിൽനിന്നു പിൻമാറി. ശുഭമുഹൂർത്തത്തിന് സാക്ഷിയാകാൻ ഇരുഭാഗത്തുനിന്നുമെത്തിയ ബന്ധുക്കൾ അത്യപൂർവമായ നാടകീയ രംഗം കണ്ട് അമ്പരന്നു.

പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച ബന്ധുക്കൾ നിശ്ചയിച്ച താലിചാർത്തലിനു തൊട്ടുമുമ്പ് ഈ ജീവിതനാടകം അരങ്ങേറിയത്.

വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷണപ്രകാരം ബന്ധുക്കളും മറ്റുമെത്തിയിരുന്നു. ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ആളുകളും. ക്ഷേത്രനടയിൽ നിശ്ചിത സമയത്ത് താലി ചാർത്തുന്നതിനുള്ള കർമങ്ങൾ നടക്കവേ കാർമികൻ നിർദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു.

തുടർന്ന് യുവതി വരനോട് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിർബന്ധത്തിനു വഴങ്ങിയാണ് സംഭവങ്ങൾ ഇതുവരെ എത്തിയതെന്നും അവർ പറഞ്ഞു. യാഥാർഥ്യം ബോധ്യപ്പെട്ട വരൻ താലി ചാർത്തുന്നതിൽനിന്നു പിൻമാറി. നാടകീയ രംഗങ്ങൾക്കൊടുവിൽ വരനോടൊപ്പമെത്തിയ ബന്ധുക്കൾ വടക്കേക്കര പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു. അനുരഞ്ജന ചർച്ചയിൽ ഇരുകൂട്ടരും രമ്യതയിൽ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നൽകാനും തീരുമാനമായി.

വധു എം.കോം. ബിരുദധാരിയാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവും യുവതിയും തമ്മിൽ സൗഹൃദത്തിലാകുകയായിരുന്നു. അത് ഉപേക്ഷിച്ച് ബന്ധുക്കൾ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വെള്ളിയാഴ്ച പറവൂർ രജിസ്ട്രാർ ഓഫീസിൽ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നു.