കൊറോണ വൈറസ് ആഗോളതലത്തിൽ ഭീഷണിയായെന്ന് ഉറപ്പിച്ചാണ് 2020 ജനുവരി 30ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കൊവിഡ് ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്ന കാര്യത്തിൽ ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥാനം ഗബ്രിയോസിസ് രംഗത്തെത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന 14-ാമത് യോഗത്തില്‍ ഇത് പിന്‍വലിക്കുന്നതിനെക്കുറിച്ച് ടെഡ്രോസ് ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു.

2019 അവസാനത്തോടെ ചൈനയിലാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം എത്തുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പല കൊവിഡ് തരംഗങ്ങള്‍ക്കും ശേഷം ചൈനയിലിപ്പോള്‍ മറ്റൊരു ശക്തമായ കൊവിഡ് തരംഗം ആഞ്ഞടിച്ചത്. ഇന്ന് പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്.

അതേസമയം ഒരുവര്‍ഷം മുന്നത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് നാം ഇപ്പോള്‍. എന്നാല്‍, ഡിസംബര്‍ ആദ്യം മുതല്‍ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരുന്നതായാണ് കാണുന്നത്. ലോകം മുഴുവനുമുള്ള കേസുകളുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഡോ.ടെഡ്രോസ് പറഞ്ഞു.

‘കഴിഞ്ഞയാഴ്ച മാത്രം 40,000 മരണങ്ങളാണ് ലോകാരോഗ്യസംഘടനയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയിലധികവും ചൈനയില്‍നിന്നാണ്. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ വരുത്തിയ ഉടന്‍ തന്നെ ചൈനയില്‍ പുതിയ തരംഗം വ്യാപകം ആവുകയായിരുന്നു. കഴിഞ്ഞ എട്ട് ആഴ്ചകളായി 1,70,000-ല്‍പ്പരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നത് ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കണമോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു’- ടെഡ്രോസ് പറഞ്ഞു.

കമ്മിറ്റിയുടെ അഭിപ്രായം മാത്രം പരിഗണിച്ചുകൊണ്ട് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും പല രാജ്യങ്ങളിലെയും വര്‍ദ്ധിച്ചുവരുന്ന കൊവിഡ് മരണങ്ങളില്‍ താന്‍ ഉത്കണ്ഠാകുലനാണെന്നും കഴിഞ്ഞയാഴ്ച നടത്തിയ പ്രതിവാരപത്രസമ്മേളനത്തിലും ടെഡ്രോസ് അറിയിച്ചു.