കൊച്ചി:  മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട പരാമർശത്തിൽ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു. താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകിയിട്ടുണ്ട്. 

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ റിലീസ് ആയിരുന്ന മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും. ഇടവേള ബാബുവിന്‍റെ അഭിപ്രായ പ്രകടനമാണ് ഒരിടവേളയ്ക്ക് ശേഷം ചിത്രത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലേക്ക് എത്തിച്ചത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.