വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്റെ ദാരുണാന്ത്യം അമേരിക്കന്‍ പോലീസിനെ ഒരു പാഠവും പഠിപ്പിക്കുന്നില്ല. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയ കറുത്ത വംശജന്‍ പോലീസിന്റെ തൊഴിയേറ്റു മരിച്ചു. മെംഫിസ് പോലീസിന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ആയിരുന്ന ടിയര്‍ നിക്കോളസ് എന്ന 29കാരനാണ് മൂന്നു ദിവസത്തെ ചികിത്സയ്ക്കിടെ ജനുവരി 10ന് മരിച്ചത്.

ട്രാഫിക് നിയമലംഘനത്തിന് നിക്കോളാസ് പിടിയിലായി എന്നാണ് പോലീസ് അയാളുടെ വീട്ടില്‍ അറിയിച്ചിരുന്നത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ പെപ്പര്‍ സ്‌പ്രെ പ്രയോഗിച്ചുവെന്നും പോലീസ് പറയുന്നു. പോലീസ് ഓഫീസര്‍മാരുടെ യൂണിഫോമിലെ കാമറയില്‍ നിന്ന് കാര്യമായ തെളിവുകള്‍ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ കാമറ ഈ ദൃശ്യങ്ങള്‍ മുഴുവന്‍ ഒപ്പിയെടുത്തിരുന്നു.

31 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് ലഭിച്ചത്. നിക്കോളാസിനെ പോലീസ് പിടികൂടുന്നതും നിലത്തുവീഴുന്ന അയാളുടെ മുഖത്ത് ഒരു ഓഫീസര്‍ തുടര്‍ച്ചയായി തൊഴിക്കുന്നതും മറ്റൊരാള്‍ കാല്‍മുട്ട് പുറത്ത് ഊന്നിനില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വീഴുന്ന നിക്കോളാസിന്റെ മുഖത്ത് വീണ്ടും തൊഴിക്കുകയാണ്. കുഴഞ്ഞുവീഴുന്ന നിക്കോളാസിനെ പോലീസ് വാഹനത്തിലേക്ക് പിടിച്ചുതള്ളുന്നതും വീഡിയോലിലുണ്ട്.

ഒടുവില്‍ ‘അമ്മ’ എന്നു വിളിച്ചുകരയുന്ന ദൃശ്യം ഒരു പോലീസ് ഓഫീസറുടെ യൂണിഫോമിലെ കാമറയില്‍ നിന്ന് ലഭിച്ചിരുന്നു. അമ്മയുടെ പേര് കയ്യില്‍ ടാറ്റൂകുത്തിയ നിക്കോളാസിന് അമ്മയോടുള്ള സ്‌നേഹം അത്രയും വലുതായിരുന്നു. നാലു വയസ്സുള്ള കുട്ടിയുടെ പിതാവ് കൂടിയാണ് ടിയര്‍ നിക്കോളാസ്. ഫെഡ്എക്‌സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു നിക്കോളാസ്. ആറ് ഓഫീസര്‍മാരാണ് നിക്കോളാസിനെ മര്‍ദ്ദിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിരുന്നു. റിമാന്‍ഡിലായ ഇവരില്‍ അഞ്ചു പേര്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

2020 മേയില്‍ മിന്നെപ്പോലീസില്‍ പോലീസ് നടപടിയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വംശജന്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. റോഡില്‍ കമഴ്ത്തി കിടത്തിയ ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തിയാണ് പോലീസ് അയാളെ കൊലപ്പെടുത്തിയത്. പ്രാണവായുവിനായി ജോര്‍ജ് പിടഞ്ഞെങ്കിലും ശ്വാസംമുട്ടുന്നുവെന്ന് പറഞ്ഞിട്ടും പോലീസ് തെല്ലൂം ദയ കാണിച്ചില്ല. ഒടുവില്‍ കഴുത്തെല്ലുകള്‍ ഒടിഞ്ഞ് അയാള്‍ ദാരുണമായി കൊല്ലപ്പെട്ടു.