കണ്ണൂർ: നിയമം കർശനമാക്കുമ്പോഴും സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണത്തിൽ വൻവർധന. 2022 നവംബർ മാസം വരെ കേരള പോലിസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 4215 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയ 2016 മുതലുള്ള കണക്കുകളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത വർഷമാണ് 2022. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ 2021-3559, 2020-3056, 2019-3640, 2018-3181, 2017-2704 എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോക്സോ കേസുകൾ ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഈ വർഷം 508 കേസുകളാണു മലപ്പുറത്ത് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ആറുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2021ൽ 260, 2020ൽ 387, 2019ൽ 448, 2018ൽ 410, 2017ൽ 220, 2016ൽ 244 എന്നിങ്ങനെയാണ് മലപ്പുറത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. കണ്ണൂരിൽ റൂറൽ, സിറ്റി സ്‌റ്റേഷനുകളിലായി 201 കേസുകളും കാസർകോട് 227 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ള ജില്ലകളിൽ വർഷംതോറും കൂടിയും കുറഞ്ഞും കേസുകളുണ്ട്.

തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിലും കൂടുതൽ കേസുകൾ റിപോർട്ട് ചെയ്യുന്നു. പാലക്കാട് ജില്ലയിൽ 249(2022), 256(2021), 254(202) തിരുവനന്തപുരം റൂറലിൽ 342(2022), 319(2021), 249(2021) എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകൾ. വീടുകളിലും വിദ്യാലയങ്ങളിലും നിന്നുമാണു കുട്ടികൾ ഏറെയും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതെന്നാണ് പരാതികൾ സൂചിപ്പിക്കുന്നത്. ഇതിൽ കൂടുതലും പെൺകുട്ടികളാണ് ഇരയാക്കപ്പെടുന്നത്. പിതാവിൽ നിന്നും അടുത്ത ബന്ധുവിൽ നിന്നും വരെ ഇത്തരത്തിൽ പീഡനം ഉണ്ടാവുന്നുണ്ട്. പല കുട്ടികളും ഇതു പുറത്തുപറയുന്നത് സ്‌കൂളുകളിൽ നൽകുന്ന കൗൺസലിങ് ക്ലാസുകളിലാണ്.
പ്രതികളാകുന്നവരിൽ അധ്യാപകരും ബന്ധുക്കളും തന്നെയാണ് കൂടുതൽ. വീട്ടകങ്ങളിൽ കുട്ടികൾ സുരക്ഷിതമല്ലെന്നു വ്യക്തമാക്കുന്നതാണ് കണക്കുകൾ നൽകുന്ന സൂചന. കഞ്ചാവും മയക്കുമരുന്നും നൽകി പീഡനത്തിന് ഇരയാക്കുന്നതും കേരളത്തിൽ വർധിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള നിയമങ്ങളും പദ്ധതികളും ബോധവൽക്കരണ പരിപാടികളും സംസ്ഥാനത്ത് ശക്തമായി നടപ്പിലാക്കുമ്പോഴും കുട്ടികൾക്ക് നേരെയുള്ള ലൈംഗീകപീഡന കേസുകൾ വർഷംതോറും കൂടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്.