ന്യൂഡല്‍ഹി : സര്‍ക്കാര്‍ എന്തിനാണ് രാജ്യത്തെ ക്ഷേത്ര ഭരണ കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് സുപ്രീംകോടതി. ക്ഷേത്രഭരണം അടക്കമുള്ള വിശ്വാസവുമായി ബന്ധപെട്ട കാര്യങ്ങള്‍ വിശ്വാസികള്‍ നോക്കട്ടെയെന്നും കോടതി സൂചിപ്പിച്ചു . ജസ്റ്റിസ് എസ്‌കെ കൗള്‍ , എഎസ് ഓക എന്നിവരടങ്ങുന്ന ബെഞ്ചാണ് സള്‍ക്കാരിനോട് ഇങ്ങ​െ​ന ആരാഞ്ഞത്.

ആന്ധ്രയിലെ അഹോബിലം നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭരണവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച നടപടി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയും തള്ളികൊണ്ടായിരുന്നു ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ എന്തിനിടപെടുന്നു എന്ന് കോടതി ചോദിച്ചത്. ക്ഷേത്ര ഭരണം വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്നും ക്ഷേത്രങ്ങളടക്കം അവര്‍ക്ക് വിട്ടു നല്‍കികൂടേയെന്നും വാദത്തിനിടെ അദ്ദേഹം ചോദിച്ചു.

അഹോബിലം മഠത്തിനാണ് നരസിംഹ ക്ഷേത്രത്തിന്റെ ഭരണാവകാശം. മഠം തമിഴ്‌നാട്ടിലാണെന്നതിനാല്‍ ക്ഷേത്ര ഭരണത്തിലവര്‍ക്കുള്ള അവകാശം നഷ്ടമാകില്ലെന്ന് ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഡിയും മഠത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ സതീഷ് പ്രസാരണ്‍, സി ശശിധരന്‍, പി ബി സുരേഷ്, വിപിന്‍ നായര്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.