വാഷിങ്ടൺ: മാധ്യമ​പ്രവർത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മാസിഹ് അലി നെജാദിനെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർക്കെതിരെ യു.എസ് കുറ്റം ചുമത്തി. റഫാത് അമിറോവ്, പൊളാദ് ഒമറോവ്,ഖിലാദ് മെഹ്ദിയേവ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.

കിഴക്കൻ യൂറോപ്പി​​ലെ ക്രിമിനൽ സംഘടനയിലെ അംഗങ്ങളാണിവർ. മാസിഹിനെ വധിക്കാൻ ഇറാൻ സർക്കാരുമായി ചേർന്ന് ഈ സംഘടന ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് യു.എസ് ആരോപണം. ഇറാനിൽ ജനിച്ച മാസിഹിന് യു.എസ് പൗരത്വമുണ്ട്. ഇറാൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകൾക്കെതിരായ അടിച്ചമർത്തലും പുറത്തുകൊണ്ടുവന്നതിനാണ് മാസിഹിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്ന് യു.എസ് ജസ്റ്റിസ് ഡിപാർട്മെന്റ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഇറാൻ പ്രതികരിച്ചിട്ടില്ല. മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടു​​പോയി വധിക്കാൻ പദ്ധതിയിട്ടതിന് നാല് ഇറാൻ പൗരൻമാർക്കെതിരെ യു.എസ് കേസ് ഫയൽചെയ്തിരുന്നു. മാസിഹിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.