സ്വവർ​ഗ ലൈം​ഗികത കുറ്റകരമല്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർ​ഗ ലൈം​ഗികതയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങൾ അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം എല്ലാ മക്കളെയും സ്നേഹിക്കുന്നു. എൽ.ജി.ബി.ടി.ക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും അ​ദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരോട് ആവശ്യപ്പെട്ടു. അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് മാർപാപ്പ നിലപാട് വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വവർ​ഗരതിക്കാരനാകുന്നത് കുറ്റമല്ല. എന്നാൽ അതൊരു പാപമാണ്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കത്തോലിക്ക ബിഷപ്പുമാർ സ്വവർ​ഗ ലൈം​ഗികതയെ കുറ്റകരമാക്കുകയും എൽ.ജി.ബി.ടി.ക്യു വ്യക്തികളോട് വിവേചനം കാണിക്കുകയും ചെയ്യുന്ന നിയമങ്ങളെ പിന്തുണക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ സമ്മതിച്ചു. എന്നാൽ അത്തരം മനോഭാവങ്ങൾ സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുണ്ടാവുന്നതാണ്.

ബിഷപ്പുമാർ എല്ലാവരുടെയും അന്തസ് തിരിച്ചറിയുംവിധം മാറ്റത്തിന് തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്മാരുടെയുള്ളിൽ പരിവർത്തന പ്രക്രിയ ഉണ്ടായിരിക്കണമെന്നും ദയവായി ആർദ്രത കാണിക്കണമെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 67 രാജ്യങ്ങൾ സ്വവർഗ ലൈംഗികതയെ ക്രിമിനൽ കുറ്റമായി കാണുന്നുണ്ട്. അതിൽ 11 രാജ്യങ്ങൾ സ്വവർ​ഗ ലൈം​ഗികതക്ക് വധശിക്ഷ നൽകുകയും ചെയ്യുന്നു. അതേസമയം, മാർപാപ്പയുടെ പ്രസ്താവന വലിയ ചർച്ചയായിട്ടുണ്ട്.