തിരുവനന്തപുരം: വരാനിരിക്കുന്ന ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിര്‍ബന്ധമാക്കി. സൗജന്യ അന്നദാനം, ഭക്ഷ്യ, പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും മുന്‍കൂര്‍ അനുമതി എടുക്കണം. ഇല്ലെങ്കില്‍ നിയമനടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം 27 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ഇത് ബാധകമാകുക.

ആറ്റുകാൽ പൊങ്കാല മാർച്ച് ഏഴിന്

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ആറ്റുകാൽ പൊങ്കാല ഇത്തവണ മാർച്ച് ഏഴിന്. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.

ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാനും യോഗത്തിൽ തീരുമാനമായി. വിവിധ സംഘടനകളും മറ്റും  ഭക്തജനങ്ങൾക്കുള്ള ഭക്ഷണവിതരണം നടത്തുന്നത് ഇത്തവണ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. 

വൃത്തിഹീനമായ സാഹചര്യത്തിലും കൃത്രിമ നിറങ്ങൾ ഉപയോഗിച്ചും ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്യാൻ ഒരുകാരണവശാലും അനുവദിക്കില്ല. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകൾ, താൽക്കാലിക വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നൽകുന്ന കുടിവെള്ളം, ആഹാരസാധനങ്ങൾ എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. 

ക്ഷേത്ര പരിസരത്ത് ലഹരി ഉപയോഗവും വിൽപനയും തടയാൻ കർശനമായ പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെയുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ‘ആറ്റുകാൽ ഉത്സവ കമ്മിറ്റി’ എന്ന പേര് പുറത്തുള്ളവർ അനധികൃതമായി ഉപയോഗിക്കുന്നത് തടയും. കമാനങ്ങളും ശബ്ദ സംവിധാനങ്ങളും  പോലീസിന്റെ അനുമതിയോടെ കൂടി മാത്രമേ സ്ഥാപിക്കാവൂ. അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. മാർച്ച് ഏഴിനാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. 

ഉത്സവമേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ക്ഷേത്ര പരിസരത്തെ തെരുവുവിളക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പുവരുത്തണം. അടിയന്ത്രമായി ആവശ്യമായ സ്ഥലങ്ങളിൽ സ്വിവറേജ് ശുചീകരണവും നടത്താൻ ആറ്റുകാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. ക്ഷേത്രപരിസരത്തുള്ള ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമായി നടത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർദ്ദേശം നൽകി. ഉത്സവദിവസങ്ങളിൽ പ്രത്യേകിച്ചും ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ചുമതലയിലുള്ള പ്രവർത്തികൾ പരാതികൾക്ക് ഇടനൽകാതെയും കാലതാമസമില്ലാതെയും പൂർത്തിയാക്കണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. 

പൊങ്കാല ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് നോഡൽ ഓഫീസറായി സബ് കളക്ടർ അശ്വതി ശ്രീനിവാസിനെ നിയമിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഹരിതചട്ടപാലനം കർശനമായി ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും സന്നദ്ധ സംഘടനകളും സ്റ്റീൽ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവൽക്കരണം നടത്തും. ഇതിനായി പരസ്യ പ്രചാരണം നടത്തും. പൊങ്കാലക്കെത്തുന്നവരുടെ സുരക്ഷക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിനും ഭക്തരുടെ സുരക്ഷയ്ക്കും പോലീസ് പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും 24 മണിക്കൂറും നിരീക്ഷണവുമുണ്ടാകും. 

പൊങ്കാല കഴിഞ്ഞാൽ ഉടൻ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ ജീവനക്കാരെ കോർപറേഷൻ നിയോഗിക്കും. പൊങ്കാല ഉത്സവത്തിന് എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ബയോ ടോയ്ലറ്റുകളും പോർട്ടബിൾ ടോയ്ലറ്റുകളും സ്ഥാപിക്കും. അഗ്നിരക്ഷാസേനയെ വിന്യസിക്കുന്നതിനൊപ്പം അഗ്നിശമനോപകരണങ്ങൾ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാർക്ക് പരിശീലനവും നൽകും. അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് ആംബുലൻസ് അടങ്ങുന്ന മെഡിക്കൽ സംഘത്തിനെ നിയോഗിക്കും.

ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് നടത്തും. എല്ലാ പ്രധാന ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകളും നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം അനിൽ ജോസ് ജെ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ക്ഷേത്ര സമിതി സെക്രട്ടറി കെ.ശിശുപാലൻ നായർ, പ്രസിഡന്റ് അനിൽകുമാർ, ചെയർപേഴ്സൺ ഗീതാകുമാരി, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ജയലക്ഷ്മി.ജി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.