ഏകദിന ക്രിക്കറ്റിൽ ഒന്നാം റാങ്കിലേക്ക് എറിഞ്ഞുകയറി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. സമീപ കാലത്തെ തകർപ്പൻ പ്രകടനങ്ങളാണ് താരത്തെ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. 729 പോയന്റുമായി ആസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെ പിന്തള്ളിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ട് പോയന്റ് പിറകിലാണ് ഹേസൽവുഡ്. ന്യൂസിലാൻഡിന്റെ ട്രെൻഡ് ബോൾട്ടാണ് മൂന്നാമത്. കഴിഞ്ഞ ജൂലൈയിൽ ജസ്പ്രീത് ബുംറ ഒന്നാമതെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.

2022 ജനുവരിയിൽ റാങ്കിങ്ങിൽ 279ാം സ്ഥാനത്തായിരുന്നു സിറാജ്. അവിടെനിന്നാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ​ഫെബ്രുവരിയിൽ മൂന്ന് വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ശേഷം 21 മത്സരങ്ങളിൽ വീഴ്ത്തിയത് 37 വിക്കറ്റുകളാണ്. അവസാനം കളിച്ച 10 മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കക്കെതിരായ മൂന്ന് മത്സര പരമ്പരിയിൽ ഒമ്പത് വിക്കറ്റ് നേടിയ സിറാജ്, ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ അഞ്ച് വിക്കറ്റുമെടുത്തു. 2023ൽ അഞ്ച് മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 3.83 ഇകണോമിയിൽ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഐ.സി.സിയുടെ 2022ലെ ഏകദിന ടീമിലും സിറാജ് ഇടം പിടിച്ചിരുന്നു.