ന്യൂയോർക്: അഫ്ഗാനിസ്താനിൽ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്ക് വിലക്കേർപ്പെടുത്തിയത് പിൻവലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് താലിബാനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതും ഉൾക്കൊള്ളുന്നതുമായ പഠന അന്തരീക്ഷം വികസിപ്പിക്കുന്നതിന് ഉചിതമായ നടപടികൾ എല്ലാ രാജ്യങ്ങളും ഉറപ്പാക്കേണ്ട സമയമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.

വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന എല്ലാ വിവേചന നിയമങ്ങളും സമ്പ്രദായങ്ങളും അവസാനിപ്പിക്കേണ്ട സമയമാണിത് -ഗുട്ടെറസ് ട്വീറ്റ് ചെയ്തു. യുനെസ്‌കോയുടെ കണക്കനുസരിച്ച് സെക്കൻഡറി സ്‌കൂളുകളിലും സർവകലാശാലകളിലും താലിബാൻ ഭരണകൂടം പ്രവേശനം നിഷേധിച്ചതിനാൽ 80 ശതമാനം അഫ്ഗാൻ പെൺകുട്ടികളുടെയും യുവതികളുടെയും തുടർപഠനം നിലച്ചു.

പെൺകുട്ടികൾക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസം അനിശ്ചിതകാലത്തേക്ക് നിരോധിച്ചതിനെ തുടർന്നന് നിരവധി സംഘടനകൾ തീരുമാനം പിൻവലിക്കാൻ താലിബാൻ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾ എൻ.ജി.ഒകളിൽ പ്രവൃത്തിക്കുന്നതും വിലക്കിയെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.