വാഷിങ്ടൺ: തോക്കിന്‍റെ കാഞ്ചിയിൽ നായ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്ന് വെടിയേറ്റ് അമേരിക്കകാരൻ മരിച്ചു. നായക്കൊപ്പം വേട്ടക്കിറങ്ങിയ സമയത്താണ് ദാരുണ സംഭവം.

ട്രക്കിന്‍റെ ബാക്കിലായിരുന്നു തോക്ക് സൂക്ഷിച്ചിരുന്നത്. 30കാരനായ യുവാവ് ഈസമയം ട്രക്കിന്‍റെ മുൻസീറ്റിലായിരുന്നു. ട്രക്കിന്‍റെ പിന്നിലുണ്ടായിരുന്ന നായ ഓടികളിക്കുന്നതിനിടെ അബദ്ധത്തിൽ തോക്കിന്‍റെ കാഞ്ചിയിൽ ചവിട്ടി വെടിയുതിർന്നതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും വേട്ടയാടലുമായി ബന്ധപ്പെട്ട അപകടമാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് അറിയിച്ചു.

മരിച്ചയാൾ നായയുടെ ഉടമയാണോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ആളുകളേക്കാൾ കൂടുതൽ തോക്കുകൾ ഉള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടു തന്നെ ആകസ്മികമായ വെടിവെപ്പ് അപകടങ്ങൾ ഇവിടെ സാധാരണമാണ്. 2021ൽ മാത്രം 500ലധികം പേർ അമേരിക്കയിൽ വെടിയേറ്റ് മരിച്ചിട്ടുണ്ട്.