പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഇന്ന് പ്രദർശിപ്പിച്ചേക്കും. ലഭ്യമായ അനുസരിച്ച്, ‘ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ’ എന്ന ഡോക്യുമെന്ററി വൈകുന്നേരം 6 മണിക്ക് പ്രദർശിപ്പിക്കാനാണ് തീരുമാനം. അതിനിടെ, ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിന്റെ പേരിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് പുറത്ത് സംഘർഷത്തിന് ശ്രമിച്ചതിന് നാല് വിദ്യാർത്ഥികളെ കസ്‌റ്റഡിയിലെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു.

“അസീസ് (എസ്‌എഫ്‌ഐ ജാമിയ യൂണിറ്റ് സെക്രട്ടറി), നിവേദ്യ (ജാമിയ വിദ്യാർത്ഥിയും, എസ്‌എഫ്‌ഐ സൗത്ത് ഡൽഹി ഏരിയ വൈസ് പ്രസിഡന്റും), അഭിരാം, തേജസ് (ജാമിയ വിദ്യാർത്ഥികളും എസ്‌എഫ്‌ഐ യൂണിറ്റ് അംഗങ്ങളും) എന്നിവരെ ക്രൂരമായ നടപടിയിലൂടെ പോലീസ് പിടിച്ചുവച്ചു” കൂടുതൽ വിവരങ്ങൾ നൽകി എസ്എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായാണ് ഡൽഹി പോലീസ് ഇവരെ കസ്‌റ്റഡിയിലെടുത്തത്.

നിലവിൽ സർവകലാശാലയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളോട് വിട്ട് നിൽക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല അഡ്‌മിനിസ്ട്രേഷൻ നേരത്തെ മുൻകൂർ അറിയിപ്പ് നൽകിയിരുന്നു.

“ബന്ധപ്പെട്ട അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ ക്യാമ്പസിന്റെ ഒരു ഭാഗത്തും വിദ്യാർത്ഥികളുടെ മീറ്റിംഗ് / ഒത്തുചേരൽ അനുവദിക്കില്ല, ഇത് തെറ്റിച്ചാൽ സംഘാടകർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു” സർവകലാശാല പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. 

അതേസമയം, രണ്ട് ഭാഗങ്ങളുള്ള ബിബിസി ഡോക്യുമെന്ററിയാണ് “ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ”. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയമാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.