ഗുസ്‌തി ഫെഡറേഷനിലെ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കായിക മന്ത്രാലയം നിയോഗിച്ച മേൽനോട്ട സമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് 2023 കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് വിനേഷ് ഫോഗട്ട്. മേൽനോട്ട സമിതിയിൽ അത്‌ലറ്റുകൾ സന്തുഷ്‌ടരല്ലെന്നും അതിനാൽ, ഗുസ്‌തി താരങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും ഉൾപ്പെടുത്താനും ഒരു പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് ഫോഗട്ട് ആവശ്യപ്പെട്ടു.

“ഈ മേൽനോട്ട സമിതി പിരിച്ചുവിടുകയും ഞങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും, ഞങ്ങൾ (അംഗങ്ങളുടെ) തിരഞ്ഞെടുക്കുന്നവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി ഒരു പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും ആഗ്രഹിക്കുന്നു. ഇത് സ്ത്രീകളുടെ കാര്യമാണ്, വളരെ ഗൗരവമുള്ളതാണ്… മന്ത്രാലയം ഞങ്ങൾ പറയുന്നത് കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു” ഫോഗട്ട് പറഞ്ഞു.

അതേസമയം, ജനുവരി 23നാണ് കായിക മന്ത്രാലയം ഒരു മേൽനോട്ട സമിതിയെ നിയോഗിച്ചു. റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാനുള്ള അഞ്ചംഗ സമിതിയുടെ അധ്യക്ഷനായി ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം എംസി മേരി കോമിനെ നിയമിച്ചിരുന്നു.

ഫെഡറേഷന്റെ ദൈനംദിന ഭരണം പരിശോധിക്കാനുള്ള ചുമതലയും കമ്മിറ്റിയെ ഏൽപ്പിച്ചിരുന്നു. ഒളിമ്പിക് മെഡൽ ജേതാവും ഗുസ്‌തി താരവുമായ യോഗേശ്വർ ദത്ത്, മുൻ ബാഡ്‌മിന്റൺ താരവും മിഷൻ ഒളിമ്പിക് സെൽ അംഗവുമായ തൃപ്‌തി മുർഗുണ്ടെ, മുൻ ടോപ്‌സ് സിഇഒ (റിട്ട) രാജേഷ് രാജഗോപാലൻ, സായ് മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ രാധിക ശ്രീരാമൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

അന്വേഷണം പൂർത്തിയാക്കാൻ കായിക മന്ത്രാലയം സമിതിക്ക് നാലാഴ്‌ചത്തെ സമയം നൽകിയിരുന്നു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന രണ്ടാം വട്ട ചർച്ചയ്ക്ക് ശേഷം ഗുസ്‌തി താരങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.