ന്യൂഡൽഹി: മദ്യ സേവന നയം പരിഷ്‌കരിച്ച് എയർ ഇന്ത്യ. വിമാനത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ യാത്രക്കാരന് കൂടുതൽ മദ്യം നൽകുന്നത് നിരസിക്കാൻ ക്യബിൻ ക്രൂവിന് നിർദ്ദേശം നൽകി. യാത്രക്കാർ വിമാനത്തിൽ മദ്യപിച്ച് മൂത്രമൊഴിച്ച രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എത്തിയത്. 

മദ്യപിച്ച് ലക്കുകെട്ടവരെ തിരിച്ചറിയാനും നിയന്ത്രിക്കാനും ക്യാബിൻ ക്രൂവിനെ സഹായിക്കുന്നതിന് യുഎസ് നാഷണൽ റെസ്റ്റൊറെന്റ്‌സ് അസോസിയേഷൻ ട്രാഫിക്ക് ലൈറഅറ് സിസ്റ്റം ഉൾപ്പെടുത്തിയതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. 

മദ്യ വിതരണവുമായി ബന്ധപ്പെട്ട് ക്യാബിൻ ക്രൂ പിന്തുടരേണ്ട പുതിയ പ്രോട്ടോക്കോളും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപാനീയങ്ങളുടെ വിതരണം ന്യായമായും സുരക്ഷിതമായും നടത്തണം. ലക്കുകെട്ട യാത്രക്കാർക്ക് കൂടുതൽ മദ്യം നിഷേധിക്കുന്നതും ഇതിൽ ഉൾപ്പെടുമെന്ന് എയർ ഇന്ത്യ വ്യ്കതമാക്കി.

രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻസിന് ഡിജിസിഎ 40 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ശങ്കർ മിശ്ര സംഭവത്തിൽ 30 ലക്ഷം രൂപയും ഡിസംബർ 10ലെ സംഭവത്തിൽ 10 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്.