ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആന്റണി എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററായിരുന്നു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും ഡോക്യുമെന്ററി വിവാദത്തിൽ അനിലിനെ തള്ളിപ്പറയുകയും വിമർശിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് ട്വിറ്ററിൽ പങ്കുവെച്ച് അനിൽ ആന്ററി കുറിച്ചു. 

പ്രധാനമന്ത്രിയ്‌ക്കെതിരായ പരാമർശം ബിബിസി ഡോക്യുമെന്ററിയിൽ ഉണ്ടെന്നതിനാൽ കേന്ദ്രം വിലക്കിയിരുന്നു. എന്നാൽ ഡോക്യുമെന്ററി സ്വന്തം നിലയ്ക്ക് പ്രദർശിപ്പിക്കുമെന്ന നിലപാടായിരുന്നു കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക്. ഇതിനെതിരെ അനിൽ ആന്റണി രംഗത്തെത്തിയതായി അദ്ദേഹത്തിനെതിരായ വിമർശനങ്ങൾക്ക് കാരണം. പ്രദർശനത്തെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനിൽ ആന്റണി പ്രതികരിച്ചത്.