കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയ കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സൈബി എത്തിയിരുന്നില്ല. തുടര്‍ന്ന്  പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ വെച്ചാണ്  ചോദ്യം ചെയ്തതെന്നാണ് വിവരം. 

ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. ജഡ്ജിക്ക് കൊടുക്കാന്‍ എന്ന നിലയില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിയിട്ടുള്ളതെന്നുമാണ് സൈബി നല്‍കിയ മൊഴി. നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെയും സൈബിയുടെയും മൊഴികള്‍ താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം കോഴ വാങ്ങിയെന്ന സംഭവത്തില്‍ അന്വേഷണം നേരിടുന്ന സൈബി ജോസ് കിടങ്ങൂരിന്റെ രാജി ആവശ്യപ്പെട്ട് അഭിഭാഷക സംഘടനകള്‍ രംഗത്തെത്തി. സൈബി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന്  ഇന്ത്യന്‍ അസിസിയേഷന്‍ ഓഫ് ലോയേഴ് ആവശ്യപ്പെട്ടു. ആരോപണത്തില്‍ അന്വഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തുടരുമ്പോള്‍ സൈബി സ്ഥാനത്ത്  തുടരുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയ കുറ്റങ്ങളുടെ പേരില്‍ ശക്തവും മാതൃകാപരവുമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.