കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിക്കെതിരേ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും ബിബിസി മുൻവിധിയുള്ള ചാനലെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു.

കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയാണ് അനിൽ കെ. ആന്‍റണി. അതേസമയം, സംസ്ഥാനത്ത് പലയിടത്തും ഇടത് വലത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. ഡോക്യുമെന്‍ററി രാജ്യം മുഴുവൻ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ എതിർപ്പുകൾ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കിയത്. ഡോക്യുമെന്‍ററി രാത്രി ഒമ്പതിന് ജെഎൻയു യൂണിയൻ ഓഫീസിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു. എന്നാൽ അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് സർവകലാശാല വ്യക്തമാക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ജെഎൻയു അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.