വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസിയുടെ ഡോക്യുമെന്‍ററിയെ കുറിച്ച് അറിയില്ലെന്ന് അമേരിക്ക. ഇന്ത്യയും യുഎസും ജനാധിപത്യ മൂല്യങ്ങൾ പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഇതിൽ മാറ്റം ഉണ്ടാകുന്പോൾ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ഡോക്യുമെന്‍ററി റിലീസ് ചെയ്തതു മുതൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രൈസ്. അതേസമയം, 2002ലെ ഗുജറാത്ത് കലാപത്തിൽ മോദിക്കു നേരിട്ടു പങ്കുണ്ടെന്ന ബിബിസി ഡോക്യുമെന്‍ററി ലിങ്കുകളിലൂടെ ഇന്ത്യയിൽ കാണുന്നതിനു കേന്ദ്രം വിലക്ക് ഏർപ്പെടുത്തി.

‘ഇന്ത്യ: മോദി എന്ന ചോദ്യം’ എന്ന ഡോക്യുമെന്‍ററി പരന്പര ബിബിസി സംപ്രേഷണം ചെയ്തതിനെതിരേ കേന്ദ്രം ബ്രിട്ടീഷ് സർക്കാരിനെ പ്രതിഷേധം അറിയിച്ചു. ജി-20 അധ്യക്ഷപദവി ഇന്ത്യ ഏറ്റെടുക്കുന്ന സമയത്ത് മോദിയെ അധിക്ഷേപിക്കാനുള്ള ശ്രമം തെറ്റാണ്. വസ്തുതാവിരുദ്ധമായ പഴയ കൊളോണിയൽ മനോഭാവം തുടരുന്നുവെന്നതിന്‍റെ തെളിവാണിതെന്നും കേന്ദ്രം കുറ്റപ്പെടുത്തി.