പേരാവൂർ: മലയോര പ്രദേശങ്ങളിൽ ബൈക്കിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെയും യുവതിയെയും എക്സൈസ് പിടികൂടി. ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായാണ് കൊട്ടിയൂർ സ്വദേശികളായ പാൽച്ചുരത്തെ അജിത്കുമാർ (42), നീണ്ടുനോക്കിയിലെ ശ്രീജ (39) എന്നിവരെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തത്.

കൊട്ടിയൂർ, നീണ്ടുനോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഇവർ കുറച്ചുനാളുകളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാൽച്ചുരം ആശ്രമം ജംഗ്ഷനിൽ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളെ ഇന്ന് കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കും.