നെടുമങ്ങാട്: പനവൂരിൽ പീഡിപ്പിച്ചയാളെക്കൊണ്ട് പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ പ്രതികളാകും. വിവാഹചടങ്ങിൽ പങ്കെടുത്തവരെയും കേസിൽ പ്രതി ചേർക്കാനാണ് പോലീസിന്‍റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി വിവാഹം കഴിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ വരൻ പനവൂർ വാഴോട് വെള്ളംകുടി ഹിദായ നഗർ സിഎസ് ഹൗസിൽ എൻ. അൽഅമീർ (23), വിവാഹത്തിന് കർമികത്വം വഹിച്ച മേലെ കല്ലിയോട് വൈത്തന്നൂർ അൻവർ സാദത്ത് (39)എന്നിവരെയും പെൺകുട്ടിയുടെ പിതാവിനെയും അറസ്റ്റ് ചെയ്തു.

വിവാഹച്ചടങ്ങിൽ പങ്കെടുത്ത അൽ അമീറിന്‍റെ സഹോദരൻ, സുഹൃത്തുക്കൾ ഉൾപ്പെടെ നാല് പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഒളിവിലാണ്.

അൽഅമീർ 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ കേസിൽ പ്രതി നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിയെ വിവാഹം കഴിക്കാൻ പിതാവിനെ സമീപിച്ചു ഭീഷണിപ്പെടുത്തി. ശല്യം സഹിക്കാതെ കഴിഞ്ഞ 18നു വിവാഹം രഹസ്യമായി നടത്തി കൊടുക്കുകയായിരിന്നുവെന്നു പെൺകുട്ടിയുടെ പിതാവ് പോലീസിൽ മൊഴി നൽകി.

അൽഅമീർ മറ്റു രണ്ട് പീഡനക്കേസിലും അടിപിടി കേസിലും പ്രതിയാണ്.