കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 105 പേർ. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാല നൽകിയ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്ക് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസാണ് മറുപടി നൽകിയിരിക്കുന്നത്. 2018 നും 2022 നും ഇടയിൽ കാട്ടാനകൾ കൊലപ്പെടുത്തിയവരുടെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

2021ൽ 27 പേരും 2022ൽ 23 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് പകുതിയോളം പേരും കൊല്ലപ്പെട്ടിരിക്കുന്നത്. 2020ലും 2018ലും 20 പേർ വീതം കൊല്ലപ്പെട്ടു. 2019ൽ 15 പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. വന്യജീവി-മനുഷ്യ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പാലക്കാട്ടെ കിഴക്കൻ സർക്കിളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. 38 പേർക്കാണ് ഈ മേഖലയിൽ മാത്രം ജീവൻ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ദിവസം പിടി-7 എന്ന ആനയെ പിടികൂടിയത് ഈ മേഖലയിൽ നിന്നാണ്. പിടിയിലായതിനു പിന്നാലെ ആനയുടെ പേര് ധോണി ഗ്രാമത്തിന്റെ പേരിൽ പുഃനർ നാമകരണം ചെയ്തിരുന്നു.

പിടി-7 (ധോണി) എന്ന ആനയെ പിടികൂടിയപ്പോൾ

കണ്ണൂരിലെ വടക്കൻ മേഖലയിലും കോട്ടയത്തെ ഹൈറേഞ്ച് സർക്കിളിലും 17 പേർ വീതം കൊല്ലപ്പെട്ടു. തൃശൂരിലെ സെൻട്രൽ സർക്കിളിൽ 17 പേരും കൊല്ലം സൗത്ത് സ‍ർക്കിളിലും പാലക്കാട് വൈൽഡ് ലൈഫ് സ‍ർക്കിളിലും ഏഴ് പേർ വീതവും കൊല്ലപ്പെട്ടു. കോട്ടയം വൈൽഡ് ലൈഫ് സ‍ർക്കിളിൽ ആറ് പേരും തിരുവനന്തപുരം എബിപി സ‍ർക്കിളിൽ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.

കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രൊജക്ട് എലിഫൻ്റ് പ്രകാരം ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ആളുകളുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാൻ അ‍ർഹതയുണ്ട്. ഇത് കേന്ദ്ര സംസ്ഥാനസ‍ർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് നൽകേണ്ടത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ പദ്ധതിക്ക് കീഴിലുള്ള കേന്ദ്ര വിഹിതം 3.90 കോടി രൂപയാണ്. 2017-18ൽ 75 ലക്ഷം രൂപയും 2018-19ൽ 75.60 ലക്ഷം രൂപയും 2019-20ൽ 79.96 ലക്ഷം രൂപയും 20202-21ൽ 75.36 ലക്ഷം രൂപയും 2021-22ൽ 84.63 ലക്ഷം രൂപയും അനുവദിച്ചു.

കേരളത്തിലെ കാടിന് ഉൾക്കൊള്ളാൻ കഴിയാത്ത വിധം ആനകൾ വർദ്ധിച്ചതാണ് കാട്ടാനകൾ നാട്ടിലിറങ്ങാൻ കാരണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ പറയുന്നു. നേരത്തെ നൽകിയ അഭിമുഖത്തിലാണ് ഗാഡ്ഗിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആനകളുടെ എണ്ണം 1975 മുതൽ മൂന്നിരട്ടിയെങ്കിലും വർദ്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.