കൊച്ചി: എറണാകുളം അതിരൂപതയിലെ കൊച്ചാൽ സെന്റ് ആന്റണിസ് പള്ളിയിൽ സിനഡ് കുർബാന അർപ്പിക്കാൻ എത്തിയ വികാരി ഫാ. ആന്റണി പള്ളുപ്പേട്ടയെ വിശ്വാസികൾ തടഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന രണ്ടു കുർബാനകളും നടന്നില്ല. എറണാകുളം അതിരൂപത സിനഡ് കുർബാന നടന്നു കൊണ്ടിരുന്ന കൊച്ചാൽ പള്ളിയിലെ വിശ്വാസികൾ നിരവധി തവണ ഇടവക വികാരിയോട് ജനഭിമുഖ കുർബാന അർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇടവക പൊതുയോഗം വിളിക്കാനോ വിശ്വാസികളുടെ നിലപാട് മനസിലാക്കാനോ വികാരി റെഡി ആയിരുന്നില്ല. ഇതിനെ തുടർന്ന് ഇന്നലെ ഞായറാഴ്ച രാവിലെ കുർബാന അർപ്പിക്കാൻ എത്തിയപ്പോൾ വിശ്വാസികൾ വികാരിയെ തടഞ്ഞിരുന്നു, പിന്നീട് പോലീസ് എത്തിയെങ്കിലും പ്രശ്നത്തിൽ ഇടപെടാതെ സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായത്.

പോലീസിന്റെ മുന്നിൽ വിശ്വാസികൾ ആവശ്യപ്പെട്ടത് പൊതുയോഗം വിളിച്ചു കുർബാന ഏത് വേണമെന്ന് തീരുമാനം എടുക്കണം എന്നായിരുന്നു. പക്ഷേ പൊതുയോഗം വിളിക്കാൻ ഫാ. സൈമൺ തെയ്യാറായില്ല. തുടർന്ന് പൊതുയോഗം വിളിച്ചു തീരുമാനം എടുക്കുന്നത് വരെയും സിനഡ് കുർബാന അർപ്പിക്കാൻ വികാരിയെ അനുവദിക്കില്ലെന്ന് വിശ്വാസികൾ തീരുമാനം എടുത്തു. ഇന്ന് നടന്ന പ്രതിരോധത്തിനും പ്രതിഷേധത്തിനും അല്മായ മുന്നേറ്റം ഫൊറോന കൺവീനർ പ്രകാശ് പി ജോൺ, കൊച്ചാൽ ഇടവക കൺവീനർ ആന്റണി പടയാട്ടിൽ എന്നിവർ നേതൃത്വം നൽകി.