കോട്ടയം: കുമാരനല്ലൂരിൽ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിയുടെ വീട് അടിച്ച് തകർത്ത് ഭർത്താവും സംഘവും. യുവതിയുടെ ഭർത്താവായ മുത്തൂർ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട് അടിച്ചു തകർത്തത്. സംഭവത്തിൽ ഭർത്താവുൾപ്പെടെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു.

തിങ്കാളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. വീട്ടിലെത്തി അസഭ്യം വിളിച്ചതിനെത്തുടർന്ന് യുവതിയുടെ അമ്മ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതരായി യുവതിടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് വിജയകുമാരിയുടെ മകളും സന്തോഷും വിവാഹിതരാകുന്നത്. 35 പവൻ സ്ത്രീധനമായി നൽകിയെങ്കിലും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഭീക്ഷണിപ്പെടുത്തിയതിനെത്തുടർന്ന് ഗർഭിണിയായ യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. പ്രസവം കഴിഞ്ഞ് കുഞ്ഞിന് 27 ദിവസം മാത്രമേ ആയിട്ടുള്ളൂ. ഈ സമയത്താണ് ഗുണ്ടാസംഘത്തിനൊപ്പം ചേർന്ന് വീടാക്രമിച്ചത്.