ഗുവാഹാത്തി: ജനനസംഖ്യ വർധിപ്പിക്കാൻ സിക്കിമിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ആനുകൂല്യം പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമംങ്. രണ്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്നവർക്ക് ശമ്പളവർധനവ് അടക്കമുള്ള ആനുകൂല്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സ്ത്രീകൾക്കും പുരുഷന്മാർക്കും സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായ വനിതകളുടെ രണ്ടാമത്തെ പ്രസവത്തിന് ശമ്പള വർധിപ്പിക്കും. അടുത്ത കുഞ്ഞിനെ പ്രസവിക്കുമ്പോൾ വീണ്ടും ശബളം വർധിപ്പിക്കും. ഇതുകൂടാതെ കുട്ടിയെ നോക്കാൻ ഒരാളെയും ഇവർക്ക് ശമ്പള തുകയായി 10000 രൂപയും സർക്കാർ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. മാത്രമല്ല പ്രസവാവധിയായി വനിതകൾക്ക് ഒരു വർഷം നൽകുമെന്നും ഭർത്താവിന് 1 മാസത്തെ അവധി നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. 

നിലവിൽ 7 ലക്ഷത്തോളമാണ് സിക്കിമിലെ ജനസംഖ്യ. കണക്ക് നോക്കിയാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് സിക്കിമിലേത്. സർക്കാർ രേഖകൾ പ്രകാരം നോക്കിയാൽ 2022ൽ സിക്കിമിലെ ടി.എഫ്.ആർ 1.1 ആണ്. അതിനാലാണ് ആനുകൂല്യ പ്രസ്താവനയുമായി സിക്കിം സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.