കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി യുവാവ് പിടിയില്‍. ബംഗ്ലാദേശ് പൗരനായ അന്‍വര്‍ ഹുസൈനാണ് പിടിയിലായത്. ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് തോന്നിയ സംശയമാണ് 28കാരനെ കുടുക്കിയത്. ജനന സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും ഹാജരാക്കിയ പ്രതിയോട് ദേശീയ ഗാനം ആലപിക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ഇതിന് കഴിയാത്തതോടെ ഉദ്യോഗസ്ഥന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം.
വ്യാജ പാസ്പോര്‍ട്ടുമായി കുറച്ചുനാളുകളായി ഇന്ത്യയില്‍ തങ്ങുകയായിരുന്നു അന്‍വര്‍. ഇതിനിടെ വിമാനത്താവളത്തില്‍ വെച്ച് ഇയാളെ സംശയം തോന്നി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം ജനന സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി യാതൊരു മടിയും കൂടാതെ രണ്ടും ഹാജരാക്കി. തുടര്‍ന്നും സംശയം തോന്നിയതോടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ പരുങ്ങിയതോടെ ഇമിഗ്രേഷന്‍ ഓഫീസര്‍ പീളമേട് പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബംഗ്ലാദേശ് പൗരനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് എങ്ങനെയാണ് വ്യാജ രേഖകള്‍ ലഭിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.