സമാജ്വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ നാവ് മുറിക്കുന്നവര്‍ക്ക് 51,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് അഖില ഭാരത ഹിന്ദു മഹാസഭയുടെ പ്രാദേശിക നേതാവ്.രാമചരിതമനസിലെ ചില വാക്യങ്ങള്‍ സാമൂഹിക വിവേചനം പ്രോത്സാഹിപ്പിച്ചുവെന്ന പ്രസാദ് മൗര്യയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. രാമചരിതമനസിലെ ചില ഭാഗങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അപമാനിക്കുന്നുവെന്നും അതിനാല്‍ ഇവ നിരോധിക്കണമെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രമുഖ ഒബിസി നേതാവാണ് മൗര്യ.

എസ്പി നേതാവ് തങ്ങളുടെ മതഗ്രന്ഥത്തെ അവഹേളിക്കുകയും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തതായി മഹാസഭയുടെ ജില്ലാ ഇന്‍ചാര്‍ജ് സൗരഭ് ശര്‍മ്മ പറഞ്ഞു.
സ്വാമി പ്രസാദ് മൗര്യയുടെ നാവ് മുറിക്കുന്ന ധീരനായ ഏതൊരു വ്യക്തിക്കും 51,000 രൂപ പാരിതോഷികം നല്‍കുമെന്നും മഹാസഭയുടെ ജില്ലാ ഇന്‍ചാര്‍ജ് സൗരഭ് ശര്‍മ പറഞ്ഞു. ഇത് കൂടാതെ പ്രവര്‍ത്തകര്‍ മൗര്യയുടെ കോലം കത്തിക്കുകയും അവയെ നദിയില്‍ എറിയുകയും ചെയ്തുവെന്ന് വാര്‍ത്ത ഏജന്‍സിയാ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തെ എതിര്‍ക്കുന്നതായി എബിഎച്ച്എം ദേശീയ വക്താവ് സഞ്ജയ് ജാട്ട് പിടിഐയോട് പറഞ്ഞു. ‘മുന്‍ ക്യാബിനറ്റ് മന്ത്രി ബിഎസ്പിയിലായിരുന്നപ്പോള്‍ ‘ജയ് ഭീം ജയ് ഭാരത്’ എന്ന് പറയാറുണ്ടായിരുന്നു, ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ രാമചരിതമാനങ്ങളെ ബഹുമാനിക്കാന്‍ തുടങ്ങി, ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ രാമചരിതമനസിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ്’ ദേശീയ വക്താവ് പറഞ്ഞു.

‘രാംചരിതമനസിലെ ചില വരികളില്‍ ‘തെലി’, ‘കുമ്ഹാര്‍’ തുടങ്ങിയ ജാതികളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെടുന്നു, അതിനാല്‍ ഈ ജാതികളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളെ അത് മുറിവേല്‍പ്പിച്ചിട്ടുണ്ട്’  എന്നായിരുന്നു മൗര്യയുടെ പ്രസ്താവന.