ഷാറൂഖ് ചിത്രം പഠാനോടുളള എതിര്‍പ്പ് അവസാനിപ്പിച്ച് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി). ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ പരിഷ്‌കരണങ്ങളില്‍ തൃപ്തരായതിനെ തുടര്‍ന്നാണ് നീക്കം. ‘ഹിന്ദി ചിത്രമായ പഠാനെതിരെ ബജ്റംഗ്ദളിന്റെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിലെ അശ്ലീല വാക്കുകളും വരികളും നീക്കം ചെയ്തു. ഇത് നല്ല വാര്‍ത്തയാണ്. മതവും സംസ്‌കാരവും സംരക്ഷിക്കാനുള്ള ഈ വിജയകരമായ പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകരെയും മുഴുവന്‍ ഹിന്ദു സമൂഹത്തെയും ഞാന്‍ അഭിനന്ദിക്കുന്നു’ ഗുജറാത്ത് വിഎച്ച്പി നേതാവ് അശോക് റാവല്‍ പറഞ്ഞു.

ഈ മാസം ആദ്യം, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ബേഷരം രംഗ് എന്ന ഗാനത്തിലെ ചില  ആംഗ്യങ്ങള്‍ കട്ടുചെയ്യുന്നതുള്‍പ്പെടെ 10 ലധികം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നിരുന്നാലും ഏറെ വിവാദമായ ദീപികയുടെ ഓറഞ്ച് വസ്ത്രം സിനിമയുടെ ഭാഗമായി തുടരുമെന്നും സിബിഎഫ്സി അറിയിച്ചു.

ചില സംഭാഷണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ലാംഗ്ഡെ ലുല്ലേയെ ടൂട്ടേ ഫൂട്ടേ, അശോക് ചക്രയെ വീര്‍ പുരസ്‌കാര്‍, എക്‌സ് കെജിബിയെ എക്‌സ് എസ്ബിയു,  മിസിസ് ഭാരത്മാതയെ ഹമാരി ഭാരത്മാ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ചിത്രത്തിലെ ബേഷരം രംഗ് എന്ന ആദ്യ ഗാനം ഇറങ്ങിയതു മുതല്‍ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗാനത്തിലെ ദീപികയുടെ ഓറഞ്ച് ബിക്കിനിയെ ഒരു വിഭാഗം പ്രേക്ഷകര്‍ എതിര്‍ത്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചിത്രത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും സിനിമയുടെ പോസ്റ്ററുകളും ബാനറുകളും കത്തിക്കുകയും ചെയ്തിരുന്നു. അതേസമയം സിനിമ കാണണോ വേണ്ടയോ എന്ന തീരുമാനം ഗുജറാത്തിലെ പ്രബുദ്ധരായ പൗരന്മാര്‍ക്ക് വിടുന്നുവെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.