തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ഇതുകൊണ്ടൊന്നും താൻ പിന്നോട്ടില്ല. സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് പാളയത്ത് വച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്.

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ ഫിറോസിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസിനെ ആക്രമിച്ചു, പൊതുമുതൽ നശിപ്പിച്ചു, വാഹനഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു പോലീസ് നടപടി.

കേസിൽ 30 ഓളം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയാറായിരുന്നില്ല. പിന്നാലെയാണ് അറസ്റ്റുണ്ടായത്.