ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. തിങ്കളാഴ്ച പുലർച്ചയോടെ രാജ്യവ്യാപകമായി 220 ദശലക്ഷത്തോളം ആളുകളാണ് ഇരുട്ടിലായത്. ഇസ്‌ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ നഗരങ്ങള്‍ മണിക്കൂറുകളായി പ്രതിസന്ധിയിലാണ്.

പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ നഗരത്തിലെ ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ ദൈനംദിന ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും തകരാര്‍ ബാധിച്ചു.

ദേശീയ വൈദ്യുതി ശൃംഖല തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് പാക് ഊര്‍ജ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വിശദീകരണം.12 മണിക്കൂറിന് ശേഷം മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍ വൈദ്യുതി തകരാറിലായതിന്‍റെ യഥാര്‍ഥ കാരണം പാക്കിസ്ഥാന്‍റെ സാമ്പത്തിക പ്രശ്നങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എല്ലാ ഫെഡറല്‍ വകുപ്പുകളോടും ഊര്‍ജത്തിന്‍റെ ഉപഭോഗം 30 ശതമാനവും കുറയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. വിദേശനാണ്യ ശേഖരം ഭയാനകമാം വിധം കുറഞ്ഞുവെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനം.

ഊര്‍ജ മേഖലയില്‍ പാക്കിസ്ഥാന് സംഭവിക്കുന്നത് വന്‍ തിരിച്ചടിയാണ്. ഡീസല്‍,കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ് പാക്കിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഇവ രണ്ടും ഇപ്പോള്‍ ആ രാജ്യത്ത് കിട്ടാക്കനിയാണ്.