തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും അദ്ദേഹം പറഞ്ഞു. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ്  സംസ്ഥാനം മുന്നോട്ട് പോകുന്നത്. സാമൂഹിക ശാക്തീകരണത്തില്‍ കേരളം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം പരിശ്രമിക്കുന്നു. നിക്ഷേപ സൗഹൃദ സാഹചര്യമൊരുക്കാന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. സാധാരണക്കാര്‍ക്ക് വീട് നല്‍കാന്‍ ലൈഫ് മിഷന്‍ പദ്ധതി തുടരും.  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ചു. വയോജന സംരക്ഷണത്തില്‍ കേരളം രാജ്യത്ത് തന്നെ വലിയ നേട്ടമുണ്ടാക്കി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. 

ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണര്‍ വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാന്‍ നീക്കം നടക്കുന്നുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബന്ധരാണെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം നടത്താന്‍ മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. ഇതിനിടെ സര്‍ക്കാര്‍-ഗവര്‍ണര്‍ ഭായ് ഭായ് എന്ന് പരിഹസിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇരുവര്‍ക്കുമിടയില്‍ ഒത്തുതീര്‍പ്പുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.

നിയമസഭാ കലണ്ടറിലെ ദൈര്‍ഘ്യമേറിയതാണ് പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം. 33 ദിവസമാണ് സഭ ചേരുക. മാര്‍ച്ച് 30 വരെ സമ്മേളനം നീണ്ടു നില്‍ക്കും. ജനുവരി 25ന് ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ച. ഫെബ്രുവരി 9ന് ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചിരുന്നു. പ്രസംഗത്തിന്റെ കരടിനു  മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. മാറ്റങ്ങളില്ലാതെയാണ് പ്രസംഗത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ സര്‍ക്കാരിനു തിരിച്ചയച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പരമാവധി മയപ്പെടുത്തിയാണ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചതോടെയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തിന് അയവു വന്നത്.

2020ല്‍ പൗരത്വ ഭേദഗതിക്കെതിരായ പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ  ഗവര്‍ണര്‍ സര്‍ക്കാരുമായി ഉടക്കിയിരുന്നു. മാറ്റം വരുത്താന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഒടുവില്‍ സഭാസമ്മേളനം നടക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തി പ്രസംഗത്തിലെ വിവാദ ഭാഗങ്ങള്‍ വായിക്കുകയായിരുന്നു. ഗവര്‍ണര്‍ വായിച്ചില്ലെങ്കിലും പൗരത്വ ഭേദഗതി സംബന്ധിച്ച ഭാഗങ്ങള്‍ സഭാരേഖകളില്‍ ഇടംപിടിക്കും.