കോന്നി: പി. ടി. സെവനു പിടി വീണപ്പോൾ കൊമ്പനെ കൂട്ടിലാക്കാൻ മുൻപന്തിയിൽ നിന്ന മറ്റു ചില കൊമ്പന്മാരുണ്ട്. ധോണിയെ ചുറ്റിച്ച പി.ടി സെവനെ പൂട്ടാനുള്ള ദൗത്യത്തിൽ പ്രധാന പങ്കു വഹിച്ച കുങ്കിയാനയാണ്കോ

ന്നി സുരേന്ദ്രൻ. കോന്നി ആനത്താവളത്തിലെ സുരേന്ദ്രനാണ് പി.ടി.യെ തുരത്താനുള്ള കുങ്കിയാന സംഘത്തിന്റെ ‘ക്യാപ്റ്റൻ’. ആദ്യം പി.റ്റി.-7 നെ പിടികൂടാൻ രൂപവത്കരിച്ച സ്ക്വാഡിൽ കുങ്കി ആനകളുടെ കൂട്ടത്തിൽ സുരേന്ദ്രൻ ഇല്ലായിരുന്നു. മുത്തങ്ങ ക്യാമ്പിൽനിന്നുള്ള ഭരതൻ, വിക്രം, എന്നീ ആനകളെയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. സുരേന്ദ്രനും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതോടെ അതിനെയും ഉൾപ്പെടുത്തുകയായിരുന്നു.

വയനാട്, പാലക്കാട് ജില്ലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങിയാൽ അവയെ തുരത്താൻ സുരേന്ദ്രൻ ഒരു ആവശ്യമായി മാറിക്കഴിഞ്ഞു. അവിടുത്തെ നാട്ടുകാർക്കൊക്കെ ഇപ്പോൾ സുരേന്ദ്രൻ പരിചിതമായിക്കഴിഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കൂടിയതോടെയാണ് വനം വകുപ്പ് നാട്ടാനകളെ തിരഞ്ഞെടുത്ത് കുങ്കി പരിശീലനം നടത്താൻ തീരുമാനിച്ചത്. അക്കൂട്ടത്തിലാണ് കോന്നിയിലെ സുരേന്ദ്രനും ആദ്യ ബാച്ചിൽ ഉൾപ്പെട്ടത്. കോടനാട്, മുത്തങ്ങ എന്നീ ക്യാമ്പുകളിൽനിന്നും ഒരോ നാട്ടാനകളെയും കുങ്കി പരിശീലനത്തിനായി അയച്ചിരുന്നു. തമിഴ്നാട്ടിലെ മുതുമല ക്യാമ്പിൽ ആയിരുന്നു കുങ്കി പരിശീലനം. ആദ്യ പരിശീലനത്തിൽ തന്നെ കോന്നിയുടെ സുരേന്ദ്രൻ മികവ് തെളിയിച്ചു.

10 കുങ്കി ആനകൾ വനംവകുപ്പിന് ഇപ്പോഴുണ്ട്. സുരേന്ദ്രനാണ് കാട്ടാനകളെ തുരത്താനും അവയെ പിടിക്കാനും മുന്നിൽ. കഴിഞ്ഞിടെ വയനാട്ടിൽ ഇറങ്ങിയ കാട്ടാനയെ കുടുക്കാൻ സുരേന്ദ്രനാണ് പ്രധാന പങ്ക് വഹിച്ചത്.

ശബരിമല വനത്തിൽ നിന്നും കിട്ടിയതാണ് സുരേന്ദ്രനെ. ളാഹ രാജാംപാറയിൽ തള്ളയാന ചരിഞ്ഞപ്പോൾ ഒറ്റപ്പെട്ടുപോയ കാട്ടാനക്കുട്ടിക്ക് ഏഴ് മാസം ആയിരുന്നു പ്രായം. 1999-ൽ വനം വകുപ്പിന്റെ ജീപ്പിൽ കയറ്റിയാണ് ആനക്കുട്ടിയെ കോന്നി ആനത്താവളത്തിൽ കൊണ്ടുവന്നത്. കുട്ടിയാനകളെ പരിചരിക്കാൻ മിടുക്കനായ ഹനീഫയും സഹായി ഷംസുദ്ദീനും ചേർന്നാണ് സുരേന്ദ്രനെ പരിപാലിച്ചത്. കുപ്പിപ്പാൽ നൽകിയും കൂടെ കിടന്ന് ഉറങ്ങിയും സുരേന്ദ്രനെ വളർത്തി എടുത്തു. സുരേന്ദ്രനെ കാണാൻ അക്കാലത്ത് സന്ദർശകരുടെ തിരക്കായിരുന്നു. 18-ാമത്തെ വയസ്സിൽ 2017-ൽ ആണ് മുതുമല ക്യാമ്പിൽ താപ്പാന പരിശീലനത്തിനായി സുരേന്ദ്രനെ അയക്കാൻ തീരുമാനിച്ചത്.