ശതകോടീശ്വരരായ മാതാപിതാക്കൾ മകളെ സന്യാസ ജീവിതത്തിലേക്ക് ആനയിച്ചു. ഗുജറാത്ത് സൂറത്തിലെ പ്രമുഖ വജ്ര വ്യാപാരി ധനേഷ് സാങ്‌വിയുടെ മൂത്ത മകള്‍ ദേവാന്‍ഷി സാങ്‌വിയാണ് ലൗകിക ജീവിതം ഉപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചത്. നാലുദിവസം നീണ്ട ചടങ്ങുകൾക്കൊടുവിലാണ് കുട്ടി സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസം സ്വീകരിക്കണമെന്നത് ദേവാൻഷിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്ന് കുടുംബവൃത്തങ്ങൾ പറയുന്നു.

ആർഭാടകരമായ ചടങ്ങുകളോടെയാണ് കുട്ടിയെ മാതാപിതാക്കൾ സന്യാസ ജീവിതത്തിലേക്ക് ആനയിച്ചത്. ദീക്ഷ സ്വീകരിക്കുന്നതിന് മുമ്പ് ദേവാൻഷിക്കായി വൻ ഘോഷയാത്രയും കുടുംബം സംഘടിപ്പിച്ചിരുന്നു.ദേവാൻഷിയുടെ മാതാപിതാക്കളായ ധമേഷും അമി സാങ്‍വിയും അഞ്ച് വയസ്സുള്ള സഹോദരി കാവ്യയും ചടങ്ങുകളിൽ പ​ങ്കെടുത്തു. 

ചടങ്ങുകളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ശിരസ്സു മുണ്ഡനം ചെയ്തശേഷം ക്ഷേത്രത്തിലെത്തി ദേവാൻഷി തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമർപ്പിച്ച് വെളുത്ത വസ്ത്രം സ്വീകരിച്ചു. ജൈനസന്യാസിനിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാണ് ദേവാൻഷി. ‘ദേവാൻഷി ഒരിക്കലും ടിവിയോ സിനിമയോ കണ്ടിട്ടില്ല, ഭക്ഷണശാലകളിൽ പോകുകയോ വിവാഹങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. 367 ദീക്ഷ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്’-ഒരു കുടുംബ സുഹൃത്ത് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.