മധുരൈ: തമിഴ്‌നാട്ടിലെ ധർമപുരിയിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. 14കാരനായ ​ഗോ​കുലാണ് കൊല്ലപ്പെട്ടത്. ബന്ധുക്കളോടൊപ്പമാണ് ​ഗോകുൽ ജെല്ലിക്കെട്ട് കാണാൻ പോയത്. മത്സരത്തിനിടെ കാള കാണികൾക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു.

വയറ്റിൽ കാളയുടെ കുത്തേറ്റതിനെ തുടർന്ന് കുട്ടിക്ക് ​ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടൻ തന്നെ ധർമ്മപുരി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധർമ്മപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വർഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുൽ.