കൊച്ചി : എറണാകുളം കളമശേരിയില്‍ വില്‍പ്പനക്കായി സുനാമി ഇറച്ചി സൂക്ഷിച്ച കേസിലെ പ്രതി മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിനെ ഇനിയും പിടികൂടാനായില്ല. ആദ്യഘട്ടങ്ങളിൽ ഫോണിൽ പ്രതികരിച്ചിരുന്ന ജുനൈസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഇയാളെ പിടിച്ചാലേ സുനാമി ഇറച്ചിയുടെ ഉറവിടവും, ഏതെല്ലാം ഇടങ്ങളിൽ വിതരണം ചെയ്തുവെന്നും വ്യക്തമാകുകയുള്ളു.

ജുനൈസിന് കളമശേരി നഗരസഭയും നോട്ടീസയച്ചിട്ടുണ്ട്. ആറ് മാസമായി ഇവിടെ നിന്ന് തുടർച്ചയായി ഇറച്ചി വിതരണം ചെയ്തിരുന്നതിന്‍റെ രേഖകളാണ് നഗരസഭയ്ക്ക് കിട്ടിയത്. ജുനൈസിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുകയും വിധം ബോധപൂർവ്വം പ്രവർത്തിച്ചുവെന്നതടക്കം രണ്ട് വകുപ്പുകൾ ചേർത്താണ് ജുനൈസിനെതിരെ കളമശ്ശേരി പൊലീസ് കേസ് എടുത്തിട്ടുള്ളത്.  

മൂന്ന് പ്രധാന കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ജുനൈസ് കൊച്ചിയിലേക്ക് അഴുകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്നാണെന്നും ആരൊക്കെ സഹായികളായെന്നും ജുനൈസിൽ നിന്ന് അഴുകിയ ഇറച്ചി വാങ്ങി ഷവർമ വിളമ്പിയവർ ആരൊക്കെയാണെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. ജുനൈസിനെ കണ്ടെത്തി മൊഴി എടുത്താൽ മാത്രമാണ് ഇതിലേക്ക് അന്വേഷണം എത്താൻ കഴിയൂ. പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൈപ്പടമുകളിൽ ജുനൈസിന് സുനാമി ഇറച്ചി ഇടപാടിനായി വീട് വാടകയ്ക്ക് നൽകിയ വ്യക്തിയെക്കുറിച്ചും അന്വേഷണ ഉണ്ടാകും.