കൊല്ലം: ചടയമംഗലത്തെ അജയകുമാറിന്‍റെ ആത്മഹത്യയിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. മകളുടെയും ഭാര്യയുടെയും പരാതിയെ തുടർന്നാണ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. യുവാക്കളുടെ മ‍‍‍‍ർദനത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.

കഴിഞ്ഞ 19നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ നാലംഗ മദ്യപ സംഘം അജയകുമാറിനെ മർദിക്കുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം അജയകുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്.

മകളെ വീട്ടിലെത്തിച്ച ശേഷം തിരികെ എത്തിയ അജയകുമാര്‍ സംഘത്തിന്‍റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് സംഘം അജയകുമാറിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മർദനത്തില്‍ അജയകുമാറിന്‍റെ കണ്ണിനും മുഖത്തും പരിക്കേറ്റിരുന്നു.

പോലീസില്‍ കേസ് നല്‍കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം മര്‍ദിക്കുമോയെന്ന് ഭയന്ന് പരാതിപ്പെടാന്‍ അജയകുമാര്‍ തയാറായില്ല. പിറ്റേന്ന് രാത്രിയിലാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.