തിരുവനന്തപുരം: മകനെ ലഹരിക്കടത്ത് കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. ഗ്രേസിയുടെ മകന്‍ ഷൈനോ ക്ലമന്റിനെ ഇന്നലെയാണ് തിരുവനന്തപുരം എക്‌സൈസ് സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് 0.4ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. 

ഷൈനോ സ്ഥിരം ലഹരി കച്ചവടക്കാരനാണെന്ന് എക്‌സൈസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു ഗ്രേസി. ഇവരെ തൂങ്ങിയ നിലയില്‍ ബന്ധുക്കളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.