തിരുവനന്തപുരം: ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടി. 24 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി ഉത്തരവിറക്കി. നടപടി നേരിട്ട എസ്എച്ച്ഒമാര്‍ക്ക് പകരം തിരുവനന്തപുരം പേട്ട, മംഗലപുരം സ്റ്റേഷനുകളില്‍ പുതിയ എസ്എച്ച്ഒമാരെ നിയമിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രശ്‌നക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് മാറ്റി.  

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ കെജെ ജോണ്‍സന്‍, വിജിലന്‍സ് ഡിവൈഎസ്പിയായ എം പ്രസാദ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടില്‍ ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരയെന്ന കണ്ടെത്തലിന് പിന്നാലെയാണ് അച്ചടക്ക നടപടി ഉണ്ടായത്.

കേരള പോലീസിലെ ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ശക്തമാകുന്നതിന് ഇടയിലാണ് ഇതിനെ ശരിവയ്ക്കുന്ന വാര്‍ത്തകള്‍ തലസ്ഥാനത്ത് നിന്ന് തന്നെ പുറത്തുവരുന്നത്. ഗുണ്ടാ-മാഫിയ ബന്ധം ആരോപിച്ച് നേരത്തെ നാല് ഇന്‍സ്‌പെക്ടര്‍മാരെയും, ഒരു സബ്-ഇന്‍സ്‌പെക്ടറെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഡിവൈഎസ്പിമാര്‍ക്ക് കൂടി നടപടി നേരിടേണ്ടി വന്നത്.

പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.ജോണ്‍സണ്‍, വിജിലന്‍സ് സ്‌പെഷ്യല്‍ ഇവെസ്റ്റിഗേഷന്‍ യൂണിറ്റ്-ഒന്നിലെ ഡിവൈഎസ്പിയായ എം പ്രസാദ് എന്നിവരെയാണ് ഏറ്റവുമൊടുവില്‍ സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ നേതാക്കളായ നിധിന്‍, രഞ്ജിത്ത് എന്നിവര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ സസ്‌പെന്‍ഷനിലായ രണ്ട് ഡിവൈഎസ്പിമാരും ഇടനിലക്കാരായെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഗുണ്ടാ നേതാക്കള്‍ക്ക് ഇടയിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും അടുത്തിടെ സസ്‌പെന്‍ഷനിലായ റെയില്‍വെ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡും ഇടനിലക്കാരായി. ഇതിനൊപ്പം ജോണ്‍സന്റെ മകളുടെ ജന്‍മാദിനാഘോഷത്തിന് ഗുണ്ടകള്‍ പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തിയിരുന്നു.